
സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ
യുകെയുടെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന കൂട്ടായ്മയാണ് സമീക്ഷ യുകെ. മറുനാട്ടിൽ മലയാളികളെ മാത്രം കൂട്ടുപിടിച്ച് ഒരു സാംസ്കാരിക പ്രസ്ഥാനം പടുത്തുയർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ എട്ട് വർഷം കൊണ്ട് അത്ഭുതപ്പെടുത്തുംവിധം വളരാൻ സമീക്ഷയ്ക്കായി. ഇന്ന് സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ മുപ്പത്തിമൂന്ന് യൂണിറ്റുകളുണ്ട്. സമയവും കാലവും നോക്കാതെ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നതിൻ്റെ ഫലമാണത്. ഇക്കലാത്തിനിടെ ആരുമില്ലാത്തവർക്കും അന്നമില്ലാത്തവർക്കും ഒപ്പംനിന്നു. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട് കുടിയേറിയവർക്ക് അത്താണിയായി. ചതിക്കപ്പെട്ടവർക്ക് താങ്ങായി. ആത്മഹത്യാ മുനമ്പിൽ പകച്ചുനിന്നവരെ ചേർത്തുപിടിച്ചു. കലാ-കായിക രംഗത്ത് വലുതും വിപുലവുമായ വേദിയൊരുക്കി. നാട്ടിലിട്ടുപോന്ന സർഗവൈഭവവും കായികശേഷിയും അതോടെ പലരും പൊടിതട്ടിയെടുത്തു. നാടിന് നൊന്തപ്പോഴെല്ലാം തണലൊരുക്കി, ഞങ്ങളുണ്ട് കൂടെയെന്ന് ഉറക്കെപ്പറഞ്ഞു.
ഇനിയുമിനിയും മനുഷ്യരിലേക്ക് പടരണം. അതിന് അംഗബലം കൂടണം. സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുകയാണ്. സമീക്ഷയുടെ സത്പ്രവർത്തികളിൽ പങ്കാളികളാവാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. വരൂ, നമ്മുക്കൊന്നിച്ച് പോരാടാം.