
തിരുവോണ ദിനത്തിൽ ലിസ്ബണിൽ സമീക്ഷയുടെ “കളിയാട്ടം”
തിരുവോണ ദിനത്തിൽ കുട്ടികൾ അടക്കുമുള്ള സമീക്ഷ അംഗങ്ങൾക്കും മതേതര ആശയങ്ങൾക്ക് പിന്തുണ നൽകുന്നവർക്കും വേണ്ടി സംഘടിപ്പിച്ച “കളിയാട്ടം” വ്യത്യസ്ത അനുഭവമായി. ലഗാൻവ്യൂ എന്റർപ്രൈസ് സെന്ററിന്റെ സ്പോർട്സ് ഹാളിൽ നടന്ന “കളിയാട്ടം” എന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കസേരകളി, സുന്ദരിക്ക് പൊട്ട് തൊടൽ, കുളം കര, മിഠായി പെറുക്കൽ, റൊട്ടി കടി, വടംവലി തുടങ്ങിയ ഓണക്കളികളിൽ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. കുട്ടികൾക്ക് വേണ്ടി മാത്രം ഒരുക്കിയ ചില ഇനങ്ങളിൽ ഒഴികെ, ബാക്കി എല്ലാ ഇനങ്ങളിലും മുഴുവൻ അഥിതികളും പങ്കെടുക്കണം എന്ന സംഘടകരുടെ അഭ്യർത്ഥനയോട് എല്ലാവരും തന്നെ സഹകരിച്ചു.
പുരുഷന്മാരുടെ കസേര കളിയോടെ ആരംഭിച്ച “കളിയാട്ടം” വടംവലി മത്സരത്തോടെയാണ് അവസാനിച്ചത്. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ അണിനിരന്ന സ്ത്രീകളുടെ വടംവലി ടീം, മത്തായിച്ചൻ (ജോർജ്ജ് മത്തായി) നേതൃത്വം നൽകിയ പുരുഷന്മാരുടെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി.
പുരുഷന്മാരുടെ ടീമിൽ 5 പേരും സ്ത്രീകളുടെ ടീമിൽ 7 പേരുമാണ് ഉണ്ടായിരുന്നത്.
തിരുവോണ ദിനത്തിന് വൈകിട്ട് 7 മണിയ്ക്ക് ആരംഭിച്ച സമീക്ഷയുടെ “കളിയാട്ടം” സമീക്ഷ ഏരിയാ സെക്രട്ടറി ആതിര രാമകൃഷ്ണൻ ഉദ്ഘടാനം ചെയ്തു. യുണിറ്റ് സെക്രട്ടറി വൈശാഖ് മോഹൻ സ്വാഗതം ആശംസിച്ച ഉദ്ഘടന യോഗത്തിൽ യുണിറ്റ് പ്രസിഡന്റ് ജോർജ്ജ് മത്തായി അധ്യക്ഷത വഹിച്ചു. ലോകകേരളസഭ നോർത്തേൺ ഐർലൻഡ് പ്രതിനിധി ജെ.പി. സുകുമാരൻ ഓണസന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു. ബെൽഫാസ്റ്റ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് പ്ലാക്കൽ നന്ദി അറിയിച്ചു.
യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയും നർത്തകിയുമായ ഗോപിക അവതരിപ്പിച്ച ഫ്യൂഷൻ നൃത്തത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. സ്ത്രീ സമീക്ഷയുടെ അംഗങ്ങൾ ലാളിത്യം കൊണ്ട് വ്യത്യസത്യമായ തിരുവാതിര നൃത്തം അവതരിപ്പിച്ചു. തുടർന്ന് നടന്ന കളിയാട്ടത്തിന് കമ്മറ്റി അംഗങ്ങളായ ലിജോയ്, ശ്രീലക്ഷ്‍മി എന്നിവർ നേതൃത്വം നൽകി.
സദ്യയ്ക്ക് മുൻപ് പരിപാടി നടന്ന ലഗാൻവ്യൂ സെന്ററിന്റെ സമീപ-വാസികൾക്ക് സമീക്ഷയുടെ അംഗങ്ങൾ പായസവിതരണം നടത്തി. അടുത്ത വർഷം പ്രദേശവാസികളെ ഉൾപ്പെടുത്തി ഓണാഘോഷം കൂടുതൽ വർണ്ണാഭമായി സംഘടിപ്പിക്കും എന്ന് സമീക്ഷ ലിസ്ബൺ യുണിറ്റ് ഭാരവാഹികൾ അറിയിച്ചു.